Thursday, May 19, 2011

ഈ കണ്ണുനീര്‍ തുടക്കാന്‍ നിങ്ങള്‍ക്കാകുമോ?


സൂര്യന്റെ കിരണങ്ങള്‍ ശക്തമായി കണ്ണുകളിലേക്കു അടിച്ചു തുടങ്ങിയപ്പോളാണ് ജീവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതു.അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നപ്പോള്‍ താഴെ നിന്നും ടിപ്പുവിന്റെ മുരളിച്ച അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.റോഡരികില്‍ കീറ ചാക്കുകള്‍ വകച്ചു കെട്ടിയ ചെറിയ ഒരു കൂടാരം ആണ് ജീവന്റെയും അവന്റെ അമ്മയുടെയും  വാസസ്ഥലം.എപ്പോള്‍ വേണമെങ്കിലും മുനിസിപാലിടിക്കാര്‍ അതും പൊളിച്ചു കളയും എന്ന്  അവന്റെ ഇത് വരെ ഉള്ള അനുഭവങ്ങളില്‍ നിന്നും അവനു മനസിലായിട്ടുണ്ട്.അവന്റെ ഈ ചെറു പ്രായത്തിനുള്ളില്‍ അവന്‍ ഏതൊക്കെയോ മഹാനഗരങ്ങളുടെ റോഡരികില്‍ ഉറങ്ങിയിട്ടുണ്ട് എന്ന് അവനു തന്നെ ഓര്‍മയില്ല..

അടിവയറ്റിലെവിടെയോ വിശപ്പിന്റെ നിലവിളി കഠിനമായി തുടങ്ങിയപ്പോള്‍ അവന്‍ പതുക്കെ എണീറ്റു.അവന്റെ കണ്ണുകള്‍ ആ ചെറിയ കൂടാരത്തിനുള്ളില്‍ പരതി നടന്നു.ഒരു മൂലക്കായി അടച്ചു വെച്ചിരിക്കുന്ന തുരുമ്പിച്ച പാത്രം അവന്‍ ഉയര്‍ത്തി നോക്കി. തണുത്തുറഞ്ഞ തലേ ദിവസത്തെ ചോറാണ് അവന്‍ പ്രതീക്ഷിച്ചതെങ്കിലും പതിവിനു വിപരീതമായി അതിനുള്ളില്‍ 2 കഷണം ബ്രെഡ്‌ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.അവിടവിടെ പൂപ്പല്‍ പിടിച്ചു തുടങ്ങിയ ബ്രെഡ്‌ ആര്തിയോടു കൂടി അകത്താക്കുമ്പോള്‍ അവന്റെ മനസ് മുഴുവന്‍ വൈകിട്ട് അമ്മ കൊണ്ട് വരാന്‍ പോകുന്ന പിറന്നാള്‍ ഉടുപ്പിന്റെ വര്‍ണപ്പകിട്ടുകള്‍  ആയിരുന്നു.ഒരു ചെറിയ കഷണം ബ്രെഡ്‌ ടിപ്പുവിനും ഇട്ടു കൊടുത്തതിനു ശേഷം അവന്‍ പുറത്തുള്ള മുനിസിപ്പാലിറ്റി ടാപിനരികിലേക്ക് നടന്നു. .
"പിറന്നാള്കാരന്‍ രാവിലെ എണീറ്റോ?.."സ്നേഹം നിറഞ്ഞ ആ ചോദ്യം കേട്ട് ജീവന്‍ തിരിഞ്ഞു നോക്കി..ഓ..മജീദിക്ക ആണ്..അങ്ങനെ വിളിക്കാന്‍ പാടില്ല എന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെങ്കിലും അവന്‍ എന്തോ അമ്മ വിളിക്കുന്നത്‌ പോലെ തന്നെ വിളിക്കാന്‍ ആണ് ഇഷ്ടം. മജീദിക്കയുടെ മക്കള്‍ ഇക്കയെ ഉപേക്ഷിച്ചതാണ് പോലും. ഇപ്പൊ അയാളും അമ്മയെ പോലെ റോഡരികിലെ പാട്ട പെരുക്കലാണ് പണി. അയാള്‍ ചിര്ച്ചു കൊണ്ട്  ഒരു ചോക്ലേറ്റ് എടുത്തു അവന്റെ നേരെ നീട്ടി. ഒരു വിളറിയ പുഞ്ചിരിയിടെ ജീവന്‍ അത് വാങ്ങി.. തനിക്കു ജീവന്‍ എന്ന് ഒരു പേരുണ്ടെന്ന് അവനു മനസിലാകുന്നത് മജീദിക്ക വിളിക്കുമ്പോള്‍ മാത്രമാണല്ലോ എന്ന് അവന്‍ ഓര്‍ക്കുക ആയിരുന്നു . മറ്റുള്ളവര്‍ക്കെല്ലാം താനും അമ്മയും തെണ്ടിയും  തെണ്ടിയുടെ മകനും ആണല്ലോ..പണ്ടെങ്ങോ അടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ പോയപ്പോള്‍ തെണ്ടികള്‍ ഞങ്ങളുടെ കൂടെ കളിക്കണ്ട എന്ന് പറഞ്ഞു അവര്‍ പരിഹസിച്ചത്‌ ഇന്നും അവനു ഓര്‍മയുണ്ട്. പിന്നീടു എപ്പോളോ താന്‍ അതെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ മുഖം ഇന്നും ഒരു വേദനയായി അവന്റെ മനസ്സില്‍ നിഴലിക്കുന്നുണ്ട്. ഇനി ഒരിക്കലും അതെ കുറിച്ച് അമ്മയോട് സംസാരിക്കില്ല എന്ന് അവന്‍ തീരുമാനിക്കുകയായിരുന്നു...

"നീ ഒരിക്കലും നിന്റെ അമ്മയെ വിഷമിപ്പിക്കരുത്.."അകലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ മജീദിക്ക പറയുന്നത് കേട്ട് അവന്‍ തലകുലുക്കി.എപ്പോളും എന്തിനാണ്  ഇയാള്‍ ഇങ്ങനെ പറയുന്നത് എന്ന് അവന്‍ ആലോചിക്കാതെയും ഇരുന്നില്ലാ.

കഠിനമായ മേട വേനലിന്റെ ചൂട് അവന്റെ കുരുന്നു ശരീരത്തെ തളര്തുന്നുണ്ടായിരുന്നു എങ്കിലും അവന്‍ വെറുതെ റോഡരികില്‍ കൂടി നടന്നു. കൂടെ അവന്റെ ടിപ്പുവും ഉണ്ട്. പുറത്തിറങ്ങി നടക്കാന്‍ പാടില്ല എന്ന് അമ്മ കര്‍ശനമായി പറഞ്ഞിട്ടുണ്ടെങ്കിലും  അമ്മ പോയി കഴിഞ്ഞാല്‍ ഫുള്‍ സമയവും ഇത് തന്നെ ആണ് അവന്റെ പരിപാടി..പെട്ടെന്നാണ് തൊട്ടടുത്ത കടത്തിണ്ണയില്‍ ഒരു തീപ്പെട്ടികൂട് അവന്റെ കണ്ണില്‍ പെട്ടത്. തീപ്പെട്ടി കൂട് പറക്കുന്നത് അവന്റെ ഒരു പ്രധാന വിനോദമായി മാറിയിട്ടുണ്ട്..അവിടെക്കൊടിയെത്തിയ അവനെ കടക്കാരന്‍ ചീത്ത പറഞ്ഞു ഓടിക്കുമ്പോള്‍ അവന്റെ കാതുകളില്‍ തെണ്ടി എന്ന പേര് കാരമുള്ളു പോലെ വന്നു തറക്കുന്നുണ്ടായിരുന്നു ...എന്തിനെന്നറിയാതെ ടിപ്പുവിനെ ശകാരിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..
ഇത് ഒരു സ്ഥിര സംഭവം ആയതു കൊണ്ട്ടയിരിക്കണം അവന്‍ പെട്ടെന്ന് തന്നെ അതെക്കുറിച്ച് മറന്നു.അവന്‍ തൊട്ടടുത്ത തുണിക്കടയെ ലക്‌ഷ്യം  ആക്കി  നടന്നു. അവിടെ അവന്‍ നിറയെ പുള്ളികള്‍ ഉള്ള ഒരു ഉടുപ്പ് നോക്കി വെച്ചിട്ടുണ്ട്.പിറന്നാളിന് അത് വാങ്ങി തരാം എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.കടയുടെ മുന്‍പില്‍ എത്തിയ അവന്‍ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി..

ഹാവൂ ..അത് അവിടെ തന്നെ ഉണ്ട്..ആ ഉടുപ്പ് ഇട്ടു നില്‍ക്കുന്ന രംഗം അവന്‍ ഒന്നും മനസ്സില്‍ ഓര്‍ത്തു.
അവന്‍ പോലും അറിയാതെ ഒരു പുഞ്ചിരി അവന്റെ ചുണ്ടുകളിലേക്ക്‌ ഓടിയെത്തി.ദൂരെ എവിടെയോ 4 മണിയുടെ സൈരെന്‍ അടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവന്‍ അതി വേഗം വീട്ടിലേക്കു തിരിച്ചു.
അമ്മ വരാരായിട്ടുണ്ട് .അതിനു മുന്‍പ് വീട്ടിലെത്തിയില്ലെങ്കില്‍ തല്ലു ഉറപ്പു തന്നെ...അവന്‍ വീട്ടിലേക്കു ഓടി..
  
ഭൂം ഭൂം ..ഭൂം ഭൂം..

തന്റെ ചെറിയ കുടിലിനുള്ളിലേക്ക്  കയറുമ്പോള്‍ ഭീകരമായ ഒരു മുഴക്കം ദൂരെ എവിടെയോ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.അമ്പരപ്പോട് കൂടി തിരിഞ്ഞു നോക്കിയ അവന്‍ മുകളില്‍ അകാശത്തായി പുക ഒരു മറ ഉണ്ടാക്കുന്നത്‌ കണ്ടു അത്ഭുതപ്പെട്ടു..പണ്ടെങ്ങോ പൂരത്തിന് പോയപ്പോള്‍ പരിചിതമായ വെടിമരുന്നിന്റെ മണം അവന്റെ മൂക്കുകളിലേക്ക് ഇരച്ചു കയറി.എവിടെയൊക്കെയോ ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും ഫയര്‍ എഞ്ചിന്റെ ഇരമ്പവും ഒരു ഉത്സവത്തിന്റെ പ്രതീതി അവനില്‍ ഉണ്ടാക്കി.വെടിമരുന്നിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയക്കാഴ്ച നേരില്‍ കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖം അവന്റെ മുഖത്ത് ഒരു ആവരണം ഉണ്ടാക്കി.എങ്കിലും അമ്മ കൊണ്ടുവരാന്‍ പോകുന്ന  പുതിയ ഉടുപ്പിനെക്കുറിച്ചു ഓര്‍ത്തപ്പോള്‍ അവന്റെ മുഖത്ത് ഒരു നൂറു സൂര്യന്മാര്‍ ഒന്നിച്ച്ചുണര്‍ന്നു.മധുരതരമായ ആ ഓര്‍മയില്‍ മുഴുകി ഇരുന്ന ജീവന്‍ എപ്പോളോ ഉറക്കത്തിന്റെ ചിരകുകളിലേക്ക് വീണു..

"അതെ ..ഇത് തന്നെ ആണ് വീട്..മോനെ ജീവാ.."പുറത്തെവിടെയോ അസ്പഷ്ടമായ  സംഭാഷണം കേട്ട് കൊണ്ടാണ് ജീവന്‍ കണ്ണ് തുറന്നത്..അവന്‍ ചുറ്റും നോക്കി..ഇല്ലാ..അമ്മ ഇന്യും എത്തിയിട്ടില്ലാ.പുതിയ ഉടുപ്പിനെ കുറിച്ചുള്ള ഓര്മ അവനെ അസ്വസ്ഥനാക്കുന്നുണ്ടയിരുന്നു..പെട്ടെന്നാണ് ആ കുടിലിന്റെ തഴപ്പായ വകഞ്ഞു മാറ്റിക്കൊണ്ട് ആരൊക്കെയോ ഉള്ളിലേക്ക് കയറി വന്നത്.അവനു മജീദിക്കയെ മാത്രമേ മനസിലായുള്ളൂ. കൂടെ ഉള്ളവരുടെ ക്യാമറയില്‍ നിന്നും മിന്നുന്ന ഫ്ലാഷ് അവനെ അത്ഭുതപ്പെടുത്തി. അതിനിടയില്‍ അവന്റെ അരികിലെത്തിയ മജീദിക്ക അവനെ ചേര്‍ത്ത് പിടിച്ചു.

ഒന്നുമില്ല ഒന്നുമില്ല എന്ന് മന്ത്രിക്കുന്ന ആ വൃദ്ധന്റെ ശബ്ദം ഇടറുന്നില്ലേ എന്ന് തോന്നിയ അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി.ആ തളര്‍ന്ന നയനങ്ങള്‍ നിറഞ്ഞൊഴുകുന്നത് കണ്ടു അവന്റെ കുഞ്ഞു മനസ് ഒന്ന് പിടഞ്ഞു.ഇത്ര നേരമായിട്ടും അമ്മ വന്നില്ല എന്ന് അയാളോട് പരിഭവം പറഞ്ഞപ്പോള്‍ ആ വൃദ്ധന്‍ ഒന്ന് ഉറക്കെ തേങ്ങി പോയി .പുതിയ ഉടുപ്പിനെക്കുറിച്ചു  പറയണം എന്നുണ്ടായിരുന്നു എങ്കിലും അയാളുടെ കണ്ണുനീര്‍ അവനെ നിശബ്ധനാക്കി.തന്റെ വീടിനുള്ളില്‍ ഇത്രയും ആള്‍ക്കാര്‍ എന്തിനു വന്നു എന്ന ചോദ്യം ജീവനെ അപ്പോളും അലട്ടുന്നുണ്ടായിരുന്നു.

"പാവം കുട്ടി..ഇത്ര ചെറുപ്പത്തിലെ ഇങ്ങനെ ആയല്ലോ.." ആള്‍ക്കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ട് അവന്റെ മനസ്സില്‍ രോഷം ഇരഞ്ഞു കൂടി.ജനിച്ച നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഈ വാക്കുകള്‍..അമ്മ ഒന്ന് വന്നോട്ടെ..പറഞ്ഞു കൊടുക്കുന്നുണ്ട്..ഇങ്ങനെ സമ്മിശ്ര ചിന്തകള്‍ അവന്റെ കുഞ്ഞു മനസ്സില്‍ തികട്ടി വരുന്നുണ്ടായിരുന്നു.മജീദിക്കയുടെ കരങ്ങള്‍ക്കുള്ളില്‍ അവന്‍ അസ്വസ്ഥനായി തുടങ്ങി.പെട്ടെന്നാണ് പുറത്തെവിടെയോ ഒരു ആംബുലന്‍സ് ശബ്ദം ഉണ്ടാകിക്കൊണ്ട് നിര്‍ത്തിയത്.ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരൊക്കെയോ എന്തൊക്കെയോ വിളിച്ചു പറയുന്നത് അസ്പഷ്ടമായി അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന മജീദിക്കയുടെ കരങ്ങള്‍ ശക്തമാകുന്നത് ജീവന്‍ അറിയുന്നുണ്ടായിരുന്നു.അവനെ കെട്ടിപ്പിടിച്ചു അയാള്‍ വിതുമ്പുമ്പോള്‍ ആ മുഖത്തെ നരച്ച കുറ്റിത്താടി അവന്റെ കുരുന്നു മുഖം വേദനിപ്പിച്ചു...

"പതുക്കെ ..പതുക്കെ..കുട്ടിയെ സൂക്ഷിച്ച്ചെക്കണേ.."അങ്ങനെ എന്തൊക്കെയോ സംഭാഷണങ്ങള്‍ അവന്റെ കര്‍ണപുടത്തില്‍ വീഴുന്നുണ്ടായിരുന്നു.പെട്ടെന്ന് രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരു ചാക്ക് കേട്ട് തന്റെ മുന്‍പിലേക്ക് താങ്ങിക്കൊണ്ടു വരുന്നത് കണ്ടു ജീവന്‍ ഒന്ന് പകച്ചു പോയി.അവിടവിടെയായി തെളിഞ്ഞു കണ്ട രക്ത കറകള്‍ ഇറച്ചി വെട്ടുക്കാരന്‍ അഹമ്മദിന്റെ മുഖം അവനെ ഓര്‍മിപ്പിച്ചു.ചുറ്റുപാടും സ്ത്രീകളുടെ വിതുമ്പലുകള്‍ അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.അസ്വസ്ഥനായ അവന്‍ അമ്മയെവിടെ എന്ന് വിളിച്ചു കരഞ്ഞു തുടങ്ങിയപ്പോള്‍ കാഴ്ചക്കാരുടെ കണ്ണുകളിലേക്കും നനവ്‌ പടര്‍ന്നു.
"ഇനി നിനക്ക് ഞാനുണ്ട്..കരയാതെ മോനെ ." പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കി എന്തിനെന്നറിയാതെ അവനും അലമുറയിടുക ആയിരുന്നു..തന്റെ മുന്‍പില്‍ ഇരിക്കുന്ന ആ ചുവന്ന ചാക്ക് കെട്ട് തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ അവനു തോന്നി..

അതെ സമയം  ആ കുടിലിന്റെ മൂലയില്‍ ചെരിച്ചു വെച്ച ലാപ്ടോപില്‍ ജീവന്റെ ഫോടോയ്ക്കൊപ്പം  മത തീവ്രവാദം -- ഈ കണ്ണുനീര്‍ തുടക്കാന്‍ നിങ്ങള്‍ക്കാകുമോ? എന്ന തലക്കെട്ടോടു കൂടി ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഒരു മെയില്‍ ഡ്രാഫ്റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു..

No comments:

Post a Comment